Vicharadhara Listing Logo

വിശ്വാസ പാതയിലെ കോവിഡ് കൊടുങ്കാറ്റ്

June 13, 2021

“നോഹയുടെ കാലംപോലെ തന്നേ ആയിരിക്കും മനുഷ്യപുത്രൻ്റെ വരവിലും……….”

തൻ്റെ രണ്ടാമത്തെ എഴുന്നള്ളത്തിനായി ഒരുങ്ങി ഇരിയ്ക്കുവാനുള്ള ആഹ്വാനം മാനവരാശിക്ക് നൽകി, നമ്മുടെ കർത്താവായ യേശു ക്രിസ്തു സ്വർഗ്ഗാരോഹണം ചെയ്തിട്ട് രണ്ടായിരം വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. വിശ്വാസ സമൂഹം അന്തിമവിധിയുടെ നാളുകൾക്കായുള്ള കാത്തിരിപ്പ് ഇപ്പോഴും പ്രത്യാശാപൂർവം തുടരുന്നു.

ഇതിനിടെ, വേദപുസ്തകത്തിൽ പ്രവചിച്ചിട്ടുള്ളതു പോലെ ലോകത്തിൽ അബദ്ധധാരണകളും വിപരീതസിദ്ധാന്തങ്ങളും അനുസ്യൂതം പൊട്ടി മുളച്ച് പ്രചുരപ്രചാരം നേടിക്കൊണ്ടിരിക്കുന്നു. ക്രിസ്തീയ വിശ്വാസങ്ങളുടെ അടിസ്ഥാന തത്ത്വങ്ങള ഖണ്ഡിക്കുവാനും വിശ്വാസ്യതയെ വെല്ലുവിളിയ്ക്കുവാനുമുളള അശാന്ത പരിശ്രമങ്ങൾ മാറ്റമില്ലാതെ തുടർന്നു കൊണ്ടുമിരുന്നു. ആത്യന്തികമായ സത്യത്തിലേക്കുള്ള ചൂണ്ടുപലക ആയി ശാസ്ത്രവും, വിധികർത്താക്കൾ ആയി ശാസ്ത്രജ്ഞരും സ്വയം അവരോധിതർ ആയതോടെ, ആധുനികതയുടെ പുറംമോടികൾക്ക് മുൻപിൽ വിശ്വാസ സമൂഹവും അവരെ നയിക്കുന്നവരും നിറം മങ്ങി പോകുന്നു എന്ന തോന്നൽ പരക്കെ ഉളവായി. ശാസ്ത്രത്തിൻ്റെ ചാലകശക്തിക്ക് മുൻപിൽ പിടിച്ചു നിൽക്കാനുള്ള ത്രാണി നൂറ്റാണ്ടുകളുടെ കാലപഴക്കമുള്ള വിശ്വാസങ്ങൾക്ക് ഇല്ല എന്ന മിഥ്യാ ധാരണ കൂടി വന്നതോടെ, ആധുനിക തലമുറ വിശ്വാസപാത വെടിഞ്ഞ് ഒഴുക്കിനൊത്ത് നീന്തുന്ന അവസ്ഥയും സംജാതം ആയി.

ശാസ്ത്രത്തിൻ്റെ അപ്രമാദിതത്തിലും സാങ്കേതികതയുടെ അജയ്യതയിലും ഊറ്റം കൊണ്ട്, പ്രകൃതിയെ വെല്ലുവിളിക്കാൻ ഇറങ്ങി പുറപ്പെട്ട മനുഷ്യന്റെ ധാർഷ്ട്യം, ഇത്തിരിപ്പോന്ന ഒരു വൈറസിന്റെ ആക്രമണത്തിന് മുൻപിൽ തകർന്നു നിലം പൊത്തുന്ന അവസ്ഥാവിശേഷത്തിലൂടെ ആണ് ഇന്ന്‌ ലോകം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. വാർധക്യത്തെയും മരണത്തെയും വരെ കീഴ്പ്പെടുത്താൻ സജ്ജം ആയിക്കഴിഞ്ഞു എന്ന് ഈ അടുത്തിടെ പ്രഖ്യാപനം നടത്തിയ ശാസ്ത്രലോകം, ഭൂഖണ്ഡങ്ങളുടെ അതിർവരമ്പുകൾ ഭേദിച്ച് പടർന്നു കയറുന്ന മഹാമാരിക്ക് മുൻപിൽ പകച്ചു നിൽക്കുമ്പോൾ, രക്ഷാകവാടങ്ങൾ തേടി നെട്ടോട്ടം ഓടുന്ന സാധാരണ ജനങ്ങൾ പണ്ടെങ്ങോ കൈമോശം വന്നു പോയ വിശ്വാസത്തിൻ്റെ വാതിലുകൾ മുട്ടി വിളിയ്ക്കുന്നത് സ്വാഭാവികം.

ലോകജനതയുടെ അഹങ്കാരപ്രമത്തതയ്ക്ക് ദൈവം നൽകിയ ശിക്ഷ ആണ് മഹാമാരി എന്ന വാദവുമായി മതപ്രചാരകരും, അങ്ങനെ എങ്കിൽ മതവിശ്വാസികൾ മരിച്ചു വീഴുന്നത് എങ്ങനെ എന്ന മറുചോദ്യവുമായി നിരീശ്വരവാദികളും കളം നിറയുമ്പോൾ, ആത്യന്തികമായ സത്യം തേടി വിശ്വാസത്തിൻ്റെ അടിസഥാന തത്ത്വങ്ങളിലേക്ക് ഒരു മടങ്ങിപ്പോക്കു നടത്തേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യത ആയി തീർന്നിരിക്കുന്നു. മഹാമാരിയുടെ നീരാളിക്കൈയ്യിൽ നിന്നും രക്ഷാകവചം ഒരുക്കുന്ന ദിവ്യ ഔഷധം ആണോ ദൈവവിശ്വാസം? വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നത് അങ്ങനെ ആണോ?

“ആ ഗലീലക്കാർ ഇത് അനുഭവിക്കയാൽ എല്ലാ ഗലീലക്കാരിലും പാപികൾ ആയിരുന്നു എന്നു നിങ്ങൾക്കു തോന്നുന്നുവോ?………………… …………മാനസാന്തരപ്പെടാഞ്ഞാൻ നിങ്ങൾ എല്ലാവരും അങ്ങനെതന്നേ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (ലൂക്കോസ് 13:2-5)

പ്രകൃതിക്ഷോഭങ്ങളിലും മറ്റും അകപ്പെടുന്നവരുടെ ഭാഗധേയം നിർണ്ണയിക്കുന്നതിൽ പാപഭാരവും വിശ്വാസങ്ങളും മാനദണ്ഡങ്ങൾ അല്ല എന്ന തത്ത്വം ആണ് കർത്താവായ യേശു ക്രിസ്തു ഇവിടെ അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നത്. ഇത്തരം ദുരന്തങ്ങളിൽ വിശ്വാസികളും അവിശ്വാസികളും ഒരു പോലെ ഇരകളായി തീർന്നേക്കാം. അങ്ങനെ എങ്കിൽ വിശ്വാസം കൊണ്ട് എന്ത് പ്രയോജനം എന്ന ചോദ്യം സ്വാഭാവികമായും ഉയരാം. കർത്താവ് അരുളിച്ചെയ്യുന്നു -“മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെ തന്നേ നശിച്ചുപോകും”. എത്തരത്തിൽ ഉള്ള മരണത്തെ കുറിച്ചാണ് കർത്താവ് സൂചിപ്പിക്കുന്നത്? ‘അങ്ങനെ തന്നേ നശിച്ചുപോകും’ എന്നു പറയുന്നതിലൂടെ കർത്താവ് എന്താണ് അർത്ഥമാക്കുന്നത്?

മാനസാന്തരത്തിലൂടെ രക്ഷ പ്രാപിക്കുവാൻ സാവകാശം നൽകാതെ, നിനച്ചിരിക്കാത്ത നാഴികയിലും പ്രതീക്ഷിക്കാത്ത സമയത്തും കള്ളനെ പോലെ കടന്നു വരുന്ന മരണത്തെ കുറിച്ചാണ് കർത്താവ് സൂചിപ്പിക്കുന്നത്. അവിശ്വാസികൾ നാശകരമായ മരണത്തിലേക്ക് വഴുതി വീഴുമ്പോൾ, രക്ഷാമാർഗത്തിൽ ജീവിച്ചവർ, സ്തെഫാനോസിനെ പോലെ കർത്താവിൻ്റെ കൈകളിൽ ആത്മാവിനെ ഏല്പിച്ച്, അദ്ഭുതകരമായ ചൈതന്യത്തോടെ നിത്യജീവൻ പ്രാപിക്കുന്നു. ഇതാണ് വിശ്വാസികളുടെയും അവിശ്വാസികളുടെയും അന്ത്യങ്ങൾ തമ്മിലുളള അന്തരം എന്നു സാരം.

അതു കൊണ്ടു തന്നെ, ഒരു യഥാർതഥ ക്രിസ്തീയ വിശ്വാസി ലൗകികമായ മരണത്തെ ഭയക്കുന്നില്ല. ലൗകിക ജീവിതത്തിൻ്റെ ആയുസ്സ് നീട്ടികിട്ടുവാനായി അവിശ്വാസികളെ പോലെ നെട്ടോട്ടം ഓടുന്നില്ല. അവനെ സംബന്ധിച്ചിടത്തോളം ഭൗമിക ജീവിതം നിത്യജീവനിലേയ്ക്കുളള തയ്യാറെടുപ്പു മാത്രമാണ്. ആശുപത്രി കിടക്കകളും ഓക്സിജൻ സിലിണ്ടറുകളും കിട്ടാക്കനികളായി മാറുമ്പോൾ, ദുർലഭമായ മരുന്നുകളും ‘ജീവൻരക്ഷാ’ മാർഗ്ഗങ്ങളും സ്വരുക്കൂട്ടി വെയ്ക്കുവാൻ സ്വാർത്ഥതയോടെ പരക്കം പായുന്നവരിൽ ഒരുവനായി തീരുവാൻ ഒരു യഥാർത്ഥ ക്രിസ്തീയ വിശ്വാസിക്ക് ഒരിക്കലും സാധിക്കുകയില്ല. കാരണം അവന്റെ കാഴ്ചപ്പാടിൽ, തൻ്റെയും തൻ്റെ അയൽക്കാരൻ്റെയും ജീവൻ ഒരു പോലെ വിലപ്പെട്ടതാണ്. അപരൻ്റെ ദുരവസ്ഥക്ക് നേരെ കണ്ണടച്ച് അവനവനു വേണ്ടി നേടി എടുക്കുന്നത് ഒന്നും ശാശ്വതം അല്ല എന്ന ബോധ്യമാണ് അവനെ മുന്നോട്ട് നയിക്കുന്നത്.

മറിച്ച്, അവൻ പൂർവാധികം ശക്തിയോടെ ദൈവരാജ്യം അന്വേഷിക്കുന്നു. തന്നാൽ കഴിയും വിധം അപരനെ സഹായിക്കുന്നു. പാപകരമായ പാതകൾ വെടിഞ്ഞ് ദൈവരാജ്യത്തിൻ്റെ വാതിലിൽ നിരന്തരം മുട്ടി വിളിക്കുന്നവർക്കു മുൻപിൽ സ്നേഹവാനായ പിതാവ് പുറംതിരിഞ്ഞു നിൽക്കില്ല എന്ന വിശ്വാസത്തോടെ നിത്യജീവനു വേണ്ടി ഉറക്കെ പ്രാർത്ഥിക്കുന്നു. കർത്താവിൻ്റെ വരവിനായി ഉറക്കം തൂങ്ങാതെ ഉണർന്നിരിക്കുന്നു.

രണ്ടാമത്തെ വരവിൻ്റെ നാളുകളെ കുറിച്ച് കർത്താവ് നമ്മെ ഓർമപ്പെടുത്തുന്നു. “ജലപ്രളയത്തിന്നു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തിൽ കയറിയനാൾവരെ…………
……………….. മനുഷ്യപുത്രൻ്റെ വരവും അങ്ങനെ തന്നേ ആകും” (മത്തായി 24:38-39)

നാല്പതു ദിവസം നീണ്ടു നിന്ന മഹാമാരിയുടെ ആരംഭത്തിൽ, അക്കാലത്തെ ജനങ്ങളും മഴ തോരുന്നതും കാത്ത് അക്ഷമരായി ഇരുന്നു – ഇന്നല്ലെങ്കിൽ നാളെ ജീവിതം സാധാരണ നിലയിലേക്ക് മടങ്ങി പോകും എന്ന പ്രത്യാശയോടെ. കോവിഡ് മഹാമാരി പുത്തൻ അവതാരരൂപങ്ങൾ പൂണ്ട് വർദ്ധിത വീര്യത്തോടെ വീണ്ടും വീണ്ടും അലയടിക്കുമ്പോൾ, നമ്മുടെ മനസ്സുകളിലും ആ ചോദ്യം ഉയരുന്നു – ഇത് സർവ്വ നാശത്തിൻ്റെ ആരംഭം ആണോ? ഇനി സാധാരണ ജീവിതത്തിലേക്ക് ഒരു മടങ്ങിപ്പോക്ക്‌ ഇല്ലെന്നു വരുമോ? കർത്താവ് നമ്മോട് ചോദിക്കുന്നു – വ്യാകുലപ്പെടുന്നത് കൊണ്ട് ആയുർദൈർഘ്യം ഒരു നിമിഷം എങ്കിലും നീട്ടുവാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ? പകരം കർത്താവ് ആഹ്വാനം ചെയ്യുന്നു- ഒരുങ്ങിയിരിപ്പിൻ.

നാം ഓരോരുത്തരും ആത്മശോധന ചെയ്ത് സ്വയം ചോദിക്കേണ്ട കാലം വന്നെത്തിയിരിക്കുന്നു – ഇക്കാലം അത്രയും ഞാൻ നടന്നത് ക്രിസ്തീയ വിശ്വാസങ്ങളുടെ പാതയിൽ തന്നെ ആയിരുന്നോ? അതോ ക്രിസ്തീയതയുടെ അടയാള ചിഹ്നങ്ങൾ വെറും ആവരണങ്ങൾ ആയി അണിയുക മാത്രം ആയിരുന്നോ ഞാൻ ചെയ്തിരുന്നത്? പിതാവാം ദൈവത്തെ പൂർണ്ണമനസ്സോടും പൂർണഹൃദയത്തോടും പൂർണാത്മാവോടും സ്നേഹിക്കുവാൻ; എന്നേ പോലെ തന്നെ എന്റെ അയൽക്കാരനെയും സ്നേഹിക്കുവാൻ; ലൗകിക സമ്പാദ്യങ്ങളെക്കാൾ ദൈവത്തെ സ്നേഹിക്കുവാൻ; എനിക്ക് ഇതു വരെ കഴിഞ്ഞിട്ടുണ്ടോ? ഇല്ല എന്നാണ് ഉത്തരം എങ്കിൽ, മുടിയനായ പുത്രനെ പോലെ പശ്ചാത്താപപൂർവം പിതാവിന്റെ കരങ്ങളിലേക്ക് സ്വയം സമർപ്പിക്കുവാനുളള സമയം അതിക്രമിച്ചിരിക്കുന്നു, നിശ്ചയം.

അവസാനം വരുന്നവനു വേണ്ടി വരെ സ്വർഗ്ഗീയവാതിൽ തുറന്നു പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്നേഹവാനായ പിതാവാം ദൈവത്തിലാണ് നാം ഓരോരുത്തരും വിശ്വസിക്കുന്നത്. നമ്മുടെ കർത്താവും രക്ഷകനും ആയ ക്രിസ്തു യേശുവിനൊപ്പം ക്രൂശിതരായ ആ രണ്ടു കള്ളന്മാരുടെ കഥ നമ്മെ ഓർമ്മപ്പെടുത്തുന്നത് അതാണ്. ലൗകിക ജീവിതത്തിൽ ആരും സ്വപ്നം കാണുവാൻ പോലും ഇഷ്ടപ്പെടാത്ത നികൃഷ്ടവും വേദനാകരവും ആയ കുരിശുമരണത്തിൻ്റെ നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോൾ, അനർഹമായ ഒരു സൗഭാഗ്യം അവരെ തേടി എത്തുന്നു… ജീവിതത്തിൽ അവർ അന്നോളം സ്വപ്നം കണ്ടിട്ടില്ലാത്തതും, അനേകർ ആഗ്രഹിച്ചിട്ടും ലഭിച്ചിട്ടില്ലാത്തതും ആയ ഒരു ദിവ്യ സൗഭാഗ്യം… അവരോടൊപ്പം, അവരുടെ വേദനകളിൽ പങ്ക് ചേർന്ന്, അവരിൽ ഒരാളായി, ദൈവപുത്രൻ… സർവ്വ ലോകത്തിൻ്റെയും രക്ഷകൻ ഒരു വിളിപ്പാടകലെ…

അവർ ആ സുവർണ്ണാവസരം നഷ്ടപ്പെടുത്താൻ ഒരുക്കമായിരുന്നില്ല. അവർ രണ്ടു പേരും രക്ഷയ്ക്കായി കർത്താവിനെ വിളിച്ചു നിലവിളിച്ചു. ലൗകിക ജീവിതവും അതിലെ സുഖസൗകര്യങ്ങളും തിരികെ നൽകാൻ മുറവിളി കൂട്ടിയ കള്ളൻ, കർത്താവിൻ്റെ മറുപടി ലഭിക്കാതെ നാശകരമായ മരണത്തിനു കീഴടങ്ങി. പശ്ചാത്താപപൂർവ്വം പാപപരിഹാരത്തിനായി അപേക്ഷിച്ച മറുവശത്തെ കള്ളനോ, കർത്താവിനോടൊപ്പം സ്വർഗീയ വിരുന്നിലേക്കും നിത്യജീവനിലേക്കും എടുക്കപ്പെട്ടു. നാം ഇക്കാലമത്രയും കർത്താവിൽ നിന്ന് എത്ര മാത്രം അകന്നാണ് ജീവിച്ചിരുന്നത് എന്നതിലല്ല, മറിച്ച് നമ്മുടെ ഹൃദയത്തിൽ ആത്മാർത്ഥമായ പശ്ചാത്താപത്തിൻ്റെയും രക്ഷാകരമായ വിശ്വാസത്തിൻ്റെയും നാമ്പുകൾ മുളച്ചിട്ടുണ്ടോ എന്നതിൽ മാത്രമാണ് സ്‌നേഹവാനായ ദൈവത്തിൻ്റെ ശ്രദ്ധ. ആശ്വാസകരം ആയ ഈ തിരിച്ചറിവാണ് കള്ളന്മാരുടെ ജീവിതകഥ നമുക്കു മുൻപിൽ വരച്ചിടുന്നത്.

ജീവിതത്തിൽ പ്രശ്നങ്ങളും പ്രതിസന്ധികളും നേരിടേണ്ടി വരുമ്പോൾ; കോവിഡ് മഹാമാരി പോലുള്ള അത്യാപത്തുകൾ സർവനാശം വിതച്ചു മുഖാമുഖം നിൽക്കുമ്പോൾ; കൊടുങ്കാറ്റിൽ ഇളകിയാടുന്ന പടകിൽ സ്വച്ഛന്ദശാന്തനായി കാണപ്പെട്ട കർത്താവായ യേശുവേ പോലെ നമുക്കും അചഞ്ചലരായി അവയെ അഭിമുഖീകരിക്കുവാൻ സാധിക്കുക തന്നെ ചെയ്യും. ലൗകിക ജീവിതത്തിൻ്റെ നാശത്തെ കുറിച്ച് വ്യാകുലരാകാതെ, നിത്യജീവനിൽ ദൃഷ്ടി ഉറപ്പിച്ച്, കർത്താവ് ഏല്പിച്ച ദൗത്യങ്ങൾ പൂർത്തീകരിക്കാൻ നമുക്കും കഴിയും. അപരനെ നിസ്വാർത്ഥമായി സ്നേഹിക്കുവാൻ നമ്മുടെ ഹൃദയങ്ങൾക്കു സാധിക്കും.

അവിടെയാണ് നമ്മുടെ യഥാർത്ഥ വിശ്വാസം വെളിവാകുന്നത്. അവിടെയാണ് ക്രിസ്തുവിനുള്ളവരും അല്ലാത്തവരും തരം തിരിയ്ക്കപ്പെടുന്നത്‌. അവിടെയാണ് നിത്യജീവനിലേയ്ക്കുളള സ്വർഗ്ഗീയ വാതിലുകൾ തുറക്കപ്പെടുന്നത്. അത്തരം ഒരു നിയോഗത്തിനായി സർവ്വശക്തനായ ദൈവം നമ്മെ പ്രാപ്തരാക്കട്ടെ. ഈ മഹാമാരി അത്തരം ഒരു രൂപാന്തരത്തിന് നിമിത്തം ആയിത്തീരട്ടെ.

ഡോ അമൽ പോൾ
കാർഡിയോളജിസ്റ്റ്,
മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ,
കുന്നംകുളം, തൃശ്ശൂർ.